October 18, 2010

തെരേസാ എന്നലറിയ മനുഷ്യന്‍

- ഇറ്റാലോ കാല്‍വിനോ -


ഞാന്‍ നടപ്പാതയില്‍ നിന്നിറങ്ങി മുകളിലോട്ട് നോക്കി കുറച്ചടികള്‍ പിന്നോട്ട് നടന്നു. എന്നിട്ട്, തെരുവിന്‍റെ നടുക്ക് നിന്നു രണ്ടു കൈകളും വായോടു ചേര്‍ത്ത് ഒരു കൊച്ചു ലൗഡ്‌സ്പീക്കറുണ്ടാക്കി ഉച്ചത്തില്‍ വിളിച്ചു: “തെരേസാ”

എന്‍റെ നിഴല്‍ പ്രകാശിച്ചു നില്‍ക്കുന്ന ചന്ദ്രന്‍റെ കാഴ്ച്ചയില്‍ പേടിച്ചരണ്ട് കാലുകള്‍ക്കിടയില്‍ പതുങ്ങി നിന്നു.

ഞാന്‍ വീണ്ടും ഉച്ചത്തില്‍ വിളിച്ചു: “തെരേസാ”. അപ്പോള്‍ അത് വഴി കടന്നു പോകുകയായിരുന്ന ഒരു മനുഷ്യന്‍ എന്‍റടുത്ത്‌ വന്ന് പറഞ്ഞു: “നിങ്ങള്‍ കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചാലേ അവര്‍ കേള്‍ക്കൂ. നമുക്ക്‌ രണ്ടു പേര്‍ക്കും കൂടി ശ്രമിക്കാം, എന്താ? എങ്കില്‍ എണ്ണിക്കോളൂ... ഒന്ന്, രണ്ട്, മൂന്ന്... മൂന്നെന്ന് എണ്ണുമ്പോള്‍ നമ്മള്‍ രണ്ട് പേരുംകൂടി ഒരുമിച്ച് വിളിക്കണം.” അങ്ങനെ പറഞ്ഞ് അയാള്‍ എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ എണ്ണാനാരംഭിച്ചു. “ഒന്ന്, രണ്ട്, മൂന്ന്.” ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചലറി വിളിച്ചു. “തെരേ........സാ...”

തീയറ്ററില്‍ നിന്നോ കഫേയില്‍ നിന്നോ മറ്റോ മടങ്ങുകയായിരുന്ന ഒരു സംഘം ആളുകള്‍ ഇത് കാണാനിടയായി. അവര്‍ ഞങ്ങളുടെ അടുത്ത്‌ വന്നു പ്രോത്സാഹിപ്പിച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പം കൂടി. ആദ്യം വന്ന മനുഷ്യന്‍ വീണ്ടും ഒന്ന്, രണ്ട്, മൂന്നെന്ന് എണ്ണി. ഞങ്ങള്‍ കൂട്ടത്തോടെ വിളിച്ചു: “തെ.. രേ..സാ...”

വീണ്ടും ആളുകള്‍ വന്നുകൊണ്ടേയിരുന്നു. കാല്‍മണിക്കൂറിനകം ഏകദേശം ഇരുപതോളം വരുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമായിമാറി ഞങ്ങള്‍.

ഒരുമിച്ചു, വലിയ ശബ്ദത്തില്‍, ഒരേ സമയം അലറി വിളിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ചിലര്‍ എണ്ണിത്തീരുന്നതിന് മുന്‍പേ വിളിക്കും. വേറെ ചിലര്‍ എല്ലാം കഴിഞ്ഞു കഴിയുമ്പോളായിരിക്കും തുടങ്ങുന്നത്. പക്ഷേ, ഒടുവില്‍ ഒരു വിധം നല്ലരീതിയില്‍ത്തന്നെ ഞങ്ങള്‍ ഈ കൃത്യം നിറവേറ്റികൊണ്ടിരുന്നു. “തെ” ശബ്ദം അല്‍പ്പം കുറുക്കിയും, “രേ” നീട്ടി വളരെ ഉച്ചത്തിലും, “സാ” പതിയെയും വേണമെന്ന് ഞങ്ങളൊരു  തീരുമാനത്തിലെത്തി. ആ ആശയം വളരെ മനോഹരമായി തോന്നി. എന്നാല്‍ എപ്പോഴും ആരെങ്കിലും വീണ്ടും വീണ്ടും തെറ്റിച്ചുകൊണ്ടിരുന്നു.

ഈ താളം ഒന്ന് ശരിയാക്കിയെടുക്കുന്നതിനിടയില്‍ വരണ്ട ശബ്ദമുള്ള ഒരാള്‍ ചോദിച്ചു, പക്ഷേ, നിങ്ങള്‍ക്കുറപ്പുണ്ടോ അവര്‍ ഇപ്പോള്‍ വീട്ടിലുണ്ടെന്ന്‍?”

“ഇല്ല” ഞാന്‍ പറഞ്ഞു.

“അത് കഷ്ടമായിപ്പോയി. നിങ്ങള്‍ താക്കോലെടുക്കാന്‍ മറന്നതാണല്ലേ?” മറ്റൊരാള്‍ ചോദിച്ചു.

“സത്യത്തില്‍, താക്കോല്‍ എന്‍റെ കയ്യില്‍ത്തന്നെയുണ്ട്”

“പിന്നെന്തുകൊണ്ട് നേരെ മുകളിലേക്ക് പോവുന്നില്ല?” ഇപ്പോള്‍ എല്ലാവരും ഒരുമിച്ചാണ് ചോദിച്ചത്.

“ഓ! അത്, ഞാനതിന് ഇവിടെയല്ലല്ലോ താമസിക്കുന്നത്.” ഞാന്‍ മറുപടി പറഞ്ഞു.

“എങ്കില്‍പ്പിന്നെ, ഇവിടെയാരാണ് താമസിക്കുന്നത്?” വിളറിയ ശബ്ദമുള്ളയാള്‍ എന്‍റെ മുഖത്തേക്ക്‌ തുറിച്ചു നോക്കി.

“എനിക്കറിയാമെന്നു തോന്നുന്നില്ല”

ഈ മറുപടി അവിടെ കൂടിനിന്നവരാരും പ്രതീക്ഷിച്ചില്ലെന്ന്‍ തോന്നുന്നു.

“അങ്ങനെയാണെങ്കില്‍” ഒരാള്‍ പല്ലിറുമ്മിക്കൊണ്ട് എന്‍റെ നേരെ വന്നു, “ഇവിടെ ഈ നടവഴിയില്‍ നിന്ന് ‘തെരേസ’ ‘തെരേസ’യെന്നു അലറിവിളിച്ചതെന്തിനാണെന്നൊന്നു വിശദീകരിക്കാമോ?”

“എന്നെ സംബധിച്ച് മറ്റൊരു പേര് വിളിക്കുന്നതോ അല്ലെങ്കില്‍ വെറെവിടെയെങ്കിലും നിന്ന് വിളിക്കുന്നതോ കുഴപ്പമില്ല, നിങ്ങള്‍ കൂടി സമ്മതിക്കുകയാണെങ്കില്‍”

ഈ മറുപടി അവരെ ഒരു വിഷമവൃത്തത്തിലാക്കി. 

“അപ്പൊ താന്‍ ഞങ്ങളെ വെറുതേ കളിപ്പിക്കുകയായിരുന്നു അല്ലെ?” ഒരുത്തന്‍ വര്‍ധിച്ച കോപത്തോടെ ചോദിച്ചു.

“എന്ത്?” ഞാനും ഒട്ടൊരു നീരസം ഭാവിച്ചു. എന്നിട്ട് മറ്റുള്ളവരെ വിസ്വാശത്തിലെടുക്കനെന്നവണ്ണം എല്ലാവരെയും ഒന്ന് നോക്കിയെങ്കിലും ആരും ഒന്നും മിണ്ടിയില്ല.

ഒരു നിമിഷത്തേക്ക് എനിക്കും അവിടെ കൂടി നിന്നവര്‍ക്കും ചെറിയ ജാള്യം അനുഭവപ്പെട്ടു.

“നോക്ക്”, ഒരാള്‍ സ്വരത്തില്‍ അയവു വരുത്തി എല്ലാവരും കേള്‍ക്കെ പറഞ്ഞു, “നമുക്ക്‌ ഒരൊറ്റ തവണ കൂടി തെരേസ എന്ന് വിളിച്ചിട്ട് അവരവരുടെ വീടുകളിലേക്ക്‌ പോലായെന്താ?”

അങ്ങനെ ഒരിക്കല്‍ക്കൂടി ഞങ്ങളതാവര്‍ത്തിച്ചു. “ഒന്ന്, രണ്ട്, മൂന്ന്... തെരേസാ..” പക്ഷേ, ഇത്തവണത്തെ ശ്രമവും നന്നായില്ല. എങ്കിലും, ഒരു ചടങ്ങ് നന്നായി ചെയ്തു തീര്‍ത്ത സന്തോഷത്തോടെ എല്ലാവരും പല പല വഴികളില്‍ നടന്നു തുടങ്ങി.

തെരുവിന്‍റെ ഒരു കോണിലെത്തിയപ്പോഴാണ് ഞാന്‍ അല്‍പം അതിശയത്തോടെ അത് കേട്ടത്. “തെ... രേ... സാ...”

ആരോ ഒരാള്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കാതെ വീണ്ടും വിളിക്കുകയാണ്. ഏതോ ഒരു ദുശ്ശാഠ്യക്കാരന്‍.

From Numbers in the Dark and Other Stories by Italo Calvino (1995)

6 comments:

prabha said...

nicely done da, this has been a favorite for long :-)

ശ്രീനാഥന്‍ said...

ഇത് പോലെ ആഴങ്ങളിൽ വിളികൾ മഴങ്ങുന്ന കഥകൾ മൊഴിമാറ്റം ചെയ്യുമല്ലോ, ഒരു ഷോർട്ട് ഫിലിമും കണ്ടു ഇതിനെ ആധാരമാക്കി.

Vipin said...

ഇത് വഴി വന്നതിന് നന്ദി. ഷോര്‍ട്ട് ഫിലിം ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീനാഥന്‍ മാഷിന് പ്രത്യേകം നന്ദി.

...karthika... said...

nannayirikkunnu vipin. pinne kallanmarundakunnathinekkurichu oru kadhayundayirunnu. pandu vayichatha... maranne poyi. ariyamo? enkil translate cheythu tharanam ketto... anyway this is well done! mitukkan!

കുഞ്ഞൂസ് (Kunjuss) said...

നല്ലൊരു കഥ വായിക്കാൻ കഴിഞ്ഞ സന്തോഷം വിപിൻ ...

സുധീര്‍ദാസ്‌ said...

ഇത് എനിക്ക നല്ല ഇഷ്ടമായി... കേട്ടോ വിപിന്‍ഭായ്. ആശംസകള്‍.