August 14, 2009

ഒരു പൂച്ചയുടെ മരണം

ബില്ലിപ്പൂച്ച മരിച്ചു.
എന്‍റെ കണ്ണ്നിറഞ്ഞു.
എനിക്കും നിനക്കും
പ്രിയപ്പെട്ട നമ്മുടെ
ബില്ലിപ്പൂച്ച മരിച്ചു.

ശവമടക്കിനു നമ്മള്‍
പരസ്പരം കണ്ടില്ല.
ഞാന്‍ കുഴി വെട്ടി
നീയാദ്യം മണ്ണിട്ട്‌.

അന്നാണ് നമ്മള്‍ വാടക വീടോഴിഞ്ഞത്.
രണ്ടായ്ത്തീര്‍ന്നത്
നൂലറ്റ പട്ടമായ്‌
നീയകന്നു പോയത്.

മരിച്ചു പോയ
ബില്ലിപ്പൂച്ചയുടെ
ഒരു കണ്ണില്‍
ഞാനായിരുന്നു
ഒരു കണ്ണില്‍ നീയും.

വിസ്മൃതിയിലാണ്ടുപോയ്‌
ഇനി തുറക്കില്ല
പുഴുവരിക്കുന്ന കണ്ണുകള്‍

ഒരായിരം നന്ദി
പറഞ്ഞതില്ലല്ലോ
നീയവളെ പകുത്തെടുക്കുവാന്‍

നിനക്കു പകരം
ഞാനിന്നവളെ ഓര്‍ക്കുന്നു
പിറക്കാതെ പോയ സ്വപ്നത്തെ
താരാട്ട് പാടി ഉറക്കുന്നു

No comments: