August 14, 2009

വരാന്തകള്‍


ആണുങ്ങളായ ആണുങ്ങളും
പെണ്ണുങ്ങളായ പെണ്ണുങ്ങളും
അകത്ത്‌ കയറിയപ്പോള്‍
വരാന്തകള്‍ ശൂന്യമായി.
സ്കൂളില്‍ പോയ കുട്ടികളെയോര്‍ത്ത്
ആവലതിപ്പെട്ട് കാടു പിടിച്ച കാഴ്ചകളിലേക്ക്
ഊളിയിട്ടു.

ചിലപ്പോള്‍ ഒരു കാറ്റ്
ഒരു കരിയില
കസേരകളില്‍ ചങ്ങാത്തം കൂടുന്ന
കാക്കയും പൂച്ചയും.

ചുവരുകളില്‍ അള്ളിപ്പിടിച്ചിരുന്നു
പ്രസംഗം ശീലിക്കുന്ന
പല്ലിയുടെ
'ടപ്പെ' ന്ന വീഴ്ചയില്‍
അലോസരപെട്ട വരാന്തകള്‍
കൊച്ചുകുഞ്ഞുങ്ങളെപ്പോലെ
ഉറക്കമുണര്‍ന്നു.

നട്ടുച്ചക്ക്‌
ഒരു ചൂളം വിളി.
സമയം തെറ്റാതെയോടുന്ന
ഒറ്റ ബസ്.

ഗേറ്റിനു അപ്പുറത്തേക്ക്
നീണ്ടു പോകുന്ന
കന്‍മതിലിന്റെ
ഉഷ്ണക്കാഴ്ച.

വരാന്ത ഇല്ലാത്ത വീടുകള്‍
ഒരു സുഹൃദ്സംഘമുണ്ടാക്കുന്നതായി
രഹസ്യം കേള്‍ക്കുന്നു.
മേശമേല്‍ ഇരിക്കുന്ന
ഒഴിഞ്ഞ ചായക്കോപ്പയും
പാറി നടക്കുന്ന പത്രവും
രഹസ്യം കൈ മാറുന്നു.

2005

No comments: