June 7, 2009

മഴയുടെ കാലാള്‍


പാതിരാത്രിയില്‍
പാതി തുറന്ന ജനലിലുടെ
ആരൊക്കെയോ
ഇരച്ചു കയറി വരുന്നുണ്ട്.

ഒന്നല്ല, രണ്ടല്ല,
ഒരു നൂറു പേരുണ്ടവര്‍…

കറുപ്പില്‍ ചവിട്ടി
വെളുപ്പില്‍ ചവിട്ടി
വരുന്ന അവര്‍ക്ക്
എന്‍റെ കിരീടമാണ് ലാക്ക്.
പതുങ്ങി പതുങ്ങി വന്നു
ജനലഴിയില്‍ പിടിച്ചു
വെളുത്ത പല്ലു കാട്ടി
പൊട്ടിച്ചിരിച്ചു.

ആന, തേര്, കുതിര....

ഉണര്‍ച്ചയിലും
കണ്ണ് തുറക്കാതെ ഞാന്‍
മഴ കൊണ്ടു വിയര്‍ത്തു.

കിരീടം വച്ച ശിരസ്സു
അവരോടൊപ്പം യാത്രയാവുമ്പോള്‍ കണ്ടു
മഴ നനഞ്ഞു കരയുന്ന
മരക്കാഴ്ച.
(2005)

No comments: